
സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് പുരോഗമിക്കവെ വാർത്തകളിൽ നിറയുന്നത് സ്ഥലം എംഎൽഎ എം മുകേഷിന്റെ അസാന്നിധ്യമാണ്. സാധാരണ നിലയിൽ പാർട്ടി സമ്മേളനം നടക്കുന്ന സ്ഥലത്തെ എംഎൽഎ പാർട്ടിക്കാരനാണെങ്കിൽ സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സജീവമായി മുൻനിരയിൽ തന്നെ ഉണ്ടാകേണ്ടതാണ്. എന്നാൽ, സ്വന്തം മണ്ഡലത്തിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷ് ജില്ലയിൽ പോലുമില്ല എന്നാണ് വിവരം.
നടിയുടെ ലൈംഗികപീഡന പരാതിയിൽ പ്രതിയാക്കപ്പെട്ട മുകേഷ് എംഎൽഎക്ക് പാർട്ടി അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം പാർട്ടി പരിപാടികളിൽ മുകേഷ് പങ്കെടുത്തിട്ടില്ല. സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിലാണ് അവസാനം പങ്കെടുത്തത്. സംസ്ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാവില്ലെന്ന് പാർട്ടിയെ അറിയിച്ചതിനാലാണ് തന്നെ ക്ഷണിക്കാത്തതെന്നാണ് മുകേഷിന്റെ വിശദീകരണം.











